ഇന്ത്യയുടെ അസ്തിത്വം സംരക്ഷിക്കുക എന്ന സന്ദേശമുയര്‍ത്തി സ്വാതന്ത്ര്യ ദിനത്തില്‍ എസ്‌എസ്‌എഫ് പ്രവര്‍ത്തകര്‍ പ്രതിരോധ നിര തീര്‍ത്തു. ഊര്‍ജ്ജ പ്രതിസന്ധിയുടെ മറവില്‍ രാജ്യ നിലനില്‍പിന് ഭീഷണമായ അമേരിക്കന്‍ ചങ്ങാത്തത്തിനെതിരെയുള്ള മുന്നറിയിപ്പായി നടന്ന പരിപാടിയില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്നു.
സാമ്രാജ്യത്വത്തിന് കനത്ത തിരിച്ചടിയേററുകൊണ്ടിരിക്കുന്ന വര്‍ത്തമാന സാഹചര്യത്തില്‍ ധീരതയാര്‍ന്ന രാജ്യത്തിന്റെ ചേരിചേരാ പൈതൃകം തിരിച്ചുപിടിച്ച് സമാധാനത്തിന്റെ യുഗസൃഷ്ടിപ്പിനായി ഇന്ത്യ അമരത്ത് വേണമെന്ന് പ്രകടനം ആവശ്യപ്പെട്ടു. അമേരിക്കന്‍ വിധേയത്വത്തിന്റെ പേരില്‍ ആണവ അവശിഷ്ടങ്ങളെ വിലക്കു വാങ്ങിയ സര്‍ക്കാര്‍ നിലപാടിനെ ചോദ്യം ചെയ്ത പ്രവര്‍ത്തകര്‍ ചേരി ചേര്‍ന്ന ഇറാന്‍ വോട്ടും ഇസ്രായേല്‍ സഖ്യവും ആഗോള തലത്തില്‍ ഇന്ത്യക്കുള്ള നിലയും വിലയും കളങ്കപ്പെടുത്തിയെന്ന് കുററപ്പെടുത്തി. സാമ്രാജ്യത്വ അനുകൂല സര്‍കാര്‍ നിലപാടുകള്‍ സ്വതന്ത്ര്യ ഭാരത മാന്യതക്ക് ഭീകരമായ മാനക്കേട് സൃഷ്ടിച്ച സാഹചര്യത്തിലാണ് അഭിമാനിതമായ ഇന്ത്യന്‍ അസ്തിത്വ നിലനില്‍പിനായി പ്രവര്‍ത്തകര്‍ പ്രതിരോധനിര തീര്‍ത്തത്.